This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

സംസ്ഥാനത്ത് മലിനീകരണ നിയന്ത്രണത്തിനായുള്ള സമഗ്രപരിപാടികളുടെ ആസൂത്രണം, മേല്‍നോട്ടം എന്നിവയ്ക്കായി 1974-ല്‍ സ്ഥാപിതമായ സര്‍ക്കാര്‍ സ്ഥാപനം. ജീവിതം സുരക്ഷിതമാക്കുന്നതിന് വ്യവസായത്തില്‍ നിന്നും അല്ലാതെയുമുള്ള മലിനീകരണം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള നിയമം നടപ്പിലാക്കുകവഴി സംസ്ഥാനത്തിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. സംസ്ഥാനത്തെ നീതിപീഠങ്ങളുടെയും നിയമസഭയുടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കപ്പെടുന്നു എന്നു ഉറപ്പു വരുത്തേണ്ടതും ബോര്‍ഡിന്റെ ചുമതലയാണ്.

മലിനീകരണം സൃഷ്ടിക്കാവുന്ന വ്യവസായങ്ങള്‍ കണ്ടുപിടിച്ച് അവ മലിനീകരണനിയന്ത്രണചട്ടങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക, വ്യവസായശാലകളില്‍ നിന്നും നദികളിലേക്കും പുഴകളിലേക്കും പുറന്തള്ളപ്പെടുന്ന മലിനജലം നിയന്ത്രിക്കുക, സംസ്ഥാനത്തിനകത്ത് വായു, ജലം എന്നിവയുടെ ഗുണനിലവാരം നിരീക്ഷിക്കുക, ഉപദ്രവകാരികളായ മെഡിക്കല്‍, പ്ലാസ്റ്റിക്, പൊതുമാലിന്യങ്ങള്‍ എന്നിവ സംസ്കരിക്കുക, മലിനീകരണം സംഭവിച്ച സ്ഥലങ്ങളില്‍ പാരിസ്ഥിതിക ഗുണനിലവാരം പുനഃസ്ഥാപിക്കുക, വ്യവസായ കേന്ദ്രങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതികള്‍ നല്‍കുക, പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, പൊതുജനങ്ങളുടെ പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയാണ് ബോര്‍ഡിന്റെ പൊതുവായ പ്രവര്‍ത്തനങ്ങള്‍.

മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യകളുടെ വികസനം, വിലയിരുത്തല്‍, പ്രവര്‍ത്തനാനുമതി നല്കുക എന്നിവയും കേരള സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂമിയുടെ ദൗര്‍ലഭ്യം, ഉയര്‍ന്ന മലിനീകരണ സാന്ദ്രത, ഉയര്‍ന്ന ഭൂജലനിരപ്പ്, കിണറുകളുടെ എണ്ണത്തിലുള്ള വര്‍ധന, ജലസ്രോതസ്സുകളുടെ ധാരാളിത്തം, ഉയര്‍ന്ന പരിസ്ഥിതി അവബോധം എന്നിവ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനെ ദേശീയതലത്തില്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ കടുത്ത മാനദണ്ഡങ്ങള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള പദ്ധതികള്‍ മുഖേന സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ജലത്തിന്റെയും വായുവിന്റെയും ഗുണനിലവാരം ചിട്ടയായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനായി നിലവില്‍ 169 ജല നിരീക്ഷണകേന്ദ്രങ്ങളും 24 വായു നിരീക്ഷണ കേന്ദ്രങ്ങളും ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍